ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിലാണ് ചെമ്മരുതി പഞ്ചായത്ത്. മുട്ടപ്പലം, കോവൂര്‍, പനയറ, ചെമ്മരുതി എന്നീ കരകള്‍ ചേര്‍ന്നതാണ് ചെമ്മരുതി പഞ്ചായത്ത്. ചുവന്നമരുതി (ആറ്റുവഞ്ചി) പൂത്തുല്ലസിച്ചിരുന്നു എന്നതുകൊണ്ടാണ് ചെമ്മരുതി എന്ന പേര്‍ വന്നത് എന്ന് കരുതപ്പെടുന്നു. ചെറുന്നിയൂര്‍, ഒറ്റൂര്‍, നാവായിക്കുളം, ഇലകമണ്‍ എന്നീ പഞ്ചായത്തുകളും വര്‍ക്കല മുനിസിപ്പാലിറ്റിയും അതിര്‍ത്തിയായുളള ചെമ്മരുതി പഞ്ചായത്ത് രൂപം കൊണ്ടത് 1953 ആഗസ്റ്റ് 15-നാണ്. ഞെക്കാട്, പനയറ, ചെമ്മരുതി, മുത്താന, ചാവര്‍കോട്, കോവൂര്‍, പാളയംകുന്ന്, നടയറ, മട്ടപ്പലം, ശ്രീനിവാസപുരം, വട്ടപ്ളാംമൂട്, തച്ചോട്, നരിക്കല്ല്, തോക്കാട്, ചാവടിമുക്ക് എന്നീ പ്രദേശങ്ങളാണ് നാഗരികതയുടെ പൊട്ടും പൊടിയുമേറ്റ് നിലകൊളളുന്ന പ്രധാന സ്ഥലങ്ങള്‍. കിഴക്ക് മുത്താന മുതല്‍ പടിഞ്ഞാറ് അയിരൂര്‍ വില്ലിക്കടവ് വരെ പഞ്ചായത്തിലൂടെ ഒഴുകുന്ന ചെമ്മരുതി ആറ്, ഭൂമിശാസ്ത്രപരമായി പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ കുന്നത്തുമല കരിമ്പാറ കൊണ്ട് നിബിഡമാണ്. ഈ കുന്നിന്‍മുകളില്‍ നിന്നുകൊണ്ട് നോക്കിയാല്‍ പഞ്ചായത്ത് പ്രദേശം മുഴുവന്‍ കാണാന്‍ കഴിയും. ഈ പഞ്ചായത്ത് ഭുവിഭാഗത്തിന്റെ 80 ശതമാനവും ചരിഞ്ഞ ഭൂമിയാണ്. നെല്‍പ്പാടങ്ങളിലേക്ക് ചരിഞ്ഞാണ് അവയുടെ കിടപ്പ്.
സാംസ്കാരികചരിത്രം
ഈ പ്രദേശത്തിന്റെ സാംസ്കാരികശക്തിയായി നിലകൊളളുന്നത് പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രം തന്നെയാണ്. നൂറ്റാണ്ടുകളായി ഐതിഹ്യത്തിനും യാഥാര്‍ത്ഥ്യത്തിനും രൂപകമായി ഈ ക്ഷേത്രം നിലകൊളളുന്നു. ശ്രീഭഗവതിയാണ് പ്രതിഷ്ഠ. ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന ഈ ക്ഷേത്രം തൃപ്പോരിട്ടക്കാവ് ആയതിന് പിന്നില്‍ ഒരു കഥയുണ്ട്. ചുറ്റുമതിലിനു വെളിയില്‍കിഴക്കു പടിഞ്ഞാറായി നീണ്ടുനിവര്‍ന്നു കിടക്കുന്ന കാളിയൂട്ടുപറമ്പ്. ഇവിടെ കാളിയൂട്ടു നടന്ന ഒരുനാള്‍ ഭദ്രകാളിയും ദാരികനും പരസ്പരം പോരിനു വിളിച്ചു. നിമിഷങ്ങള്‍ കൊണ്ട് രംഗം ആകെ മാറി. താളമേളവാദ്യങ്ങള്‍ മുറുകി. പെട്ടെന്നാണ് ഭദ്രകാളിയുടെ കണ്ണില്‍ നിന്നും കോപാഗ്നി കത്തിജ്ജ്വലിച്ചത്. തന്നെ പിടിച്ചിരുന്നവരെ തട്ടി മാറ്റി ഭദ്രകാളി ദാരികനെ ലക്ഷ്യമാക്കി കുതിച്ചു. കാളിയൂട്ടു കണ്ടുനിന്ന ജനം അന്ധാളിച്ചുപോയി. ദാരികന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. കൂടെ ഭദ്രകാളിയും. ഒടുവില്‍ അങ്ങു പടിഞ്ഞാറു സ്ഥിതിചെയ്യുന്ന അറേബ്യന്‍ കടലില്‍ വച്ച് ഭദ്രകാളി “ദാരികന്റെ”കഴുത്തറുത്ത് ചോരകുടിച്ച് പുളച്ചു. ദാരികന്റെയും ഭദ്രകാളിയുടെയും വേഷം കെട്ടിയിരുന്നവര്‍ സഹോദരങ്ങളായിരുന്നു. തന്റെ കൂടെപ്പിറപ്പിനെയാണ് താന്‍ വധിച്ചതെന്ന് തിരുമുടി തലയില്‍ നിന്ന് എടുത്തപ്പോഴാണ് ഭദ്രകാളിയുടെ വേഷം കെട്ടിയ സഹോദരന്‍ മനസ്സിലാക്കിയത്. അങ്ങനെ യഥാര്‍ത്ഥത്തില്‍ പോരു നടന്ന കാവ് തൃപ്പോരിട്ടക്കാവായി. ആ സംഭവത്തിനു ശേഷം ഇവിടെ പഴയ ആചാരപ്രകാരമുളള കാളിയൂട്ട് നടത്തിയിട്ടില്ല. എന്നാല്‍ ഇന്നും വൃശ്ചികമാസത്തില്‍ എല്ലാ ദിവസവും പാട്ടമ്പലത്തില്‍ ഭദ്രകാളിയുടെ രൂപം വരച്ച് പൊന്നറ സ്തുതിഗീതം പാടിയും പ്രതീകാത്മക കുരുതിനടത്തിയും ശ്രീ ഭദ്രകാളി സേവ ചെയ്തുവരുന്നു. മുന്‍പ് കാളിയൂട്ടിന് ഉപയോഗിച്ചിരുന്ന തിരുമുടിയും വാളും ഒരു വിളിപ്പാടകലെ പടിഞ്ഞാറ് ഭാഗത്ത് “തെക്കതില്‍” ഇപ്പോഴും സൂക്ഷിക്കുന്നു. ഈ തിരുമുടി വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നും എപ്പോഴാണോ ഇതിന്റെ വളര്‍ച്ച നില്‍ക്കുന്നത് അപ്പോള്‍ ഈ ഗ്രാമത്തിനും ക്ഷേത്രകുടുംബാംഗങ്ങള്‍ക്കും നാശം ഉണ്ടാകുമെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. മീന മാസത്തിലെ ഭരണിയാണ് ദേവിയുടെ തിരുനാള്‍.
ഈ ക്ഷേത്രത്തിന്റെ ഊരായ്മക്കാര്‍ നല്‍കിയ സേവനം ചെമ്മരുതി പഞ്ചായത്തിന്റെ സാംസ്കാരിക ഉത്ഥാനത്തിന് സഹായകമായിട്ടുണ്ട് (തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന്റെ ഊരായ്മക്കാരാണ് പനയറ ലോവര്‍ പ്രൈമറി സ്ക്കൂള്‍, ഗ്രന്ഥശാല, റ്റി.വി പാര്‍ക്ക്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, വില്ലേജ് ആഫീസ്, ചെമ്മരുതി സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കു വേണ്ടി സ്ഥലം സംഭാവനയായി നല്‍കിയത്). ഈ ക്ഷേത്രത്തിനു പുറമേ പനയറ ഇളങ്ങല്ലൂര്‍ ക്ഷേത്രം, മുത്താന ശിവ ക്ഷേത്രം, മുട്ടപലം മഠത്തുവിളാകം ഭഗവതി ക്ഷേത്രം, പനയറ കുരിച്ചിമണ്‍കുന്ന് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ചേന്നന്‍കോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളും കാവുകളും പളളികളും ഈ പ്രദേശത്തുണ്ട്. ശ്രീനിവാസപുരത്തെ കണ്വാശ്രമം കണ്വമഹര്‍ഷി തപസ്സ് അനുഷ്ഠിച്ച സ്ഥലമെന്ന് കരുതിപ്പോരുന്നു. കാലഘട്ടത്തിന്റെ സാക്ഷികളെപ്പോലെ പതിഞ്ഞുകിടക്കുന്ന കാല്പ്പാടുകള്‍ കണ്വമഹര്‍ഷിയുടേതാണെന്നാണ് ഐതിഹ്യം. കൌതുകകരങ്ങളായ പക്ഷികളുടെയും മറ്റു ജീവികളുടെയും ആവാസകേന്ദ്രം കൂടിയാണ് കണ്വാശ്രമം. ലോകാരാധ്യനായ നടരാജഗുരു, അദ്ദേഹത്തിന്റെ ശിഷ്യരായ ഗുരു നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ് തുടങ്ങിയ സന്യാസിവര്യന്മാരുടെ ആധ്യാത്മികപ്രവര്‍ത്തനങ്ങള്‍ക്ക് ഈറ്റില്ലമായത് പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരുകുലമാണ്. നടരാജ ഗുരുവിനാല്‍ സ്ഥാപിതമായ പഴയ ഗുരുകുലങ്ങളുടെ മാതൃകയിലുളള ഈ ആശ്രമം ചെമ്മരുതി പഞ്ചായത്തിന് കൈവന്ന ഒരു മഹാപുണ്യമാണ്. ഈ പ്രദേശങ്ങളെല്ലാം നീണ്ടുനിവര്‍ന്നു കിടക്കുന്ന പാടശേഖരങ്ങളുടെ ഓരങ്ങളിലാണെന്നത് ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. ഈ നാടിന്റെ എല്ലാ ചരിത്രത്തെയും സംസ്കാരത്തെയും നിര്‍ണ്ണായകമായും സ്വാധീനിച്ചിരുന്നത് കൃഷി തന്നെയാണ്. പരമ്പരാഗതമായ കാര്‍ഷികവൃത്തിക്കു പുറമെ ജാതീയമായ കുലത്തൊഴിലും ഉപജീവനമാക്കിയ ഒരു ജനതയുടെ ആവാസഭൂമിയാണ് ചെമ്മരുതി. ജാതി വ്യവസ്ഥ സജീവമായി നിലനില്ക്കുകയും പാലിക്കപ്പെടുകയും അതിനനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്ത ഒരു ഭൂതകാലം ഇവിടെ ഉണ്ടായിരുന്നു. ജന്മിത്വം കൊടികുത്തി വാണിരുന്ന പ്രദേശമായതുകൊണ്ട് ഭൂസ്വത്തുക്കളുടെ ഉടമാവകാശവും ജന്മികള്‍ക്കായിരുന്നു. നായര്‍ പ്രമാണിമാര്‍ക്കായിരുന്നു ഒരു പരിധിവരെ നീതിനിര്‍വ്വഹണത്തിന്റെ ചുമതല. കുടിയാന്‍മാര്‍ക്ക് യാതൊരവകാശവും അധികാരവും ഉണ്ടായിരുന്നില്ല. ഹിന്ദുമതവിഭാഗത്തില്‍ പെടുന്നവരാണ് ഭൂരിപക്ഷമെങ്കിലും ഈ പഞ്ചായത്തില്‍ മുസ്ളീം, ക്രൈസ്തവ മതവിഭാഗങ്ങളും അധിവസിക്കുന്നു. മതമൈത്രിയുടെ മകുടോദാഹരണമാണ് ഈ പഞ്ചായത്ത്. ശ്രീനാരായണ ഗുരു, നടരാജഗുരു എന്നിവരുടെ ആത്മീയസാന്നിദ്ധ്യം അനുഭവിക്കുകയും ഉള്‍ക്കൊളളുകയും ചെയ്യുന്ന ജനവിഭാഗമാണ് ബഹുഭൂരിപക്ഷവും.
ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഈ പ്രദേശത്തും കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തവും വ്യാപകവുമായ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം നല്കിയപ്പോള്‍ അതില്‍ ആവേശപൂര്‍വ്വം പങ്കെടുത്തുകൊണ്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാന്‍ ചെമ്മരുതിയുടെ പൂര്‍വ്വികര്‍ സന്നദ്ധരായിരുന്നു. മഹാത്മാഗാന്ധി ശിവഗിരിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ആവേശപൂര്‍വ്വം സ്വീകരിക്കുവാന്‍ ഇവിടുത്തെ ജനത മുന്നിട്ടു നിന്നു. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് നേതൃത്വം കൊടുക്കുന്നത് ഇവിടുത്തെ ഗ്രന്ഥശാലകളും കലാ-കായിക സംഘടനകളുമാണ്. ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 1952-ല്‍ സ്ഥാപിച്ച ആയിരക്കണക്കിന് പുസ്തക ശേഖരമുളള പനയറ കലാപോഷിണി ഗ്രന്ഥശാലയാണ്. പഞ്ചായത്തില്‍ നിലവില്‍ നാലു വായനശാലകളുണ്ട്.
കാര്‍ഷികചരിത്രം
ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ചെമ്മരുതി പഞ്ചായത്ത് ഒരു കാര്‍ഷികമേഖലയായി വളര്‍ന്നുകഴിഞ്ഞിരുന്നു എന്നാണ് ഗ്രാമസഭകളിലൂടെയും മറ്റും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശ്രീനിവാസറാവു എന്നൊരു മഹാന്‍ ഈ കാലയളവില്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും വസ്തുക്കള്‍ സ്വന്തമാക്കുകയും സമഗ്രമായ ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുളളതായി പഴമക്കാര്‍ ഓര്‍ക്കുന്നു. തുടര്‍ന്നുളള കാലഘട്ടത്തില്‍ വസ്തുക്കളില്‍ സിംഹഭാഗവും ദേവസ്വത്തിന്റേയും മനകളുടെയും അധീനതയിലായി. കോടിയേരി മഠം, വലിയ അകരം മന, പനയറ പോരിട്ടക്കാവ് ദേവസ്വം എന്നിവ ഇവയില്‍ ചിലതാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പുതന്നെ ഗോവിന്ദന്‍ ജഡ്ജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹരിജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമിയും വിഭവങ്ങളും നല്കിക്കൊണ്ട് ശ്രീനിവാസപുരം ഹരിജന്‍ കോളനി സ്ഥാപിച്ചതും, ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ പഞ്ചായത്തിലെ കണ്വാശ്രമം ഭാഗം മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഭൂരഹിതകര്‍ഷകര്‍ക്ക് വിതരണം നടത്തിയതും പഞ്ചായത്തിലെ കാര്‍ഷിക നവോത്ഥാനചരിത്രത്തിന്റെ സുവര്‍ണ്ണ ഏടുകളായി വിശേഷിപ്പിക്കപ്പെടുന്നു. ഒന്നാം ഗ്രേഡ് പഞ്ചായത്തായ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും നാല്‍പതു ശതമാനത്തോളം കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉളളവരുമാണ്. കാര്‍ഷിക മേഖലയിലാകട്ടെ ഉല്പാദനം കുറഞ്ഞുവരുകയും, ആ മേഖലയില്‍ പണിയെടുക്കുന്നവരില്‍ പലരും മറ്റു തൊഴില്‍ മേഖലകള്‍ തേടി പോകുന്ന കാഴ്ചയുമാണ് ഇന്നുളളത്.
ഭൂവിനിയോഗം
കിഴക്ക് മുത്താന മുതല്‍ പടിഞ്ഞാറ് അയിരൂര്‍ വില്ലിക്കടവ് വരെ പഞ്ചായത്തിലൂടെ ഒഴുകുന്ന ചെമ്മരുതി ആറ്, ഭൂമിശാസ്ത്രപരമായി പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ കുന്നത്തുമല കരിമ്പാറ കൊണ്ട് നിബിഡമാണ്. ഈ കുന്നിന്‍മുകളില്‍ നിന്നുകൊണ്ട് നോക്കിയാല്‍ പഞ്ചായത്ത് പ്രദേശം മുഴുവന്‍ കാണാന്‍ കഴിയും. ഈ പഞ്ചായത്ത് ഭൂവിഭാഗത്തിന്റെ 80 ശതമാനവും ചരിഞ്ഞ ഭൂമിയാണ്. നെല്‍പ്പാടങ്ങളിലേക്ക് ചരിഞ്ഞാണ് അവയുടെ കിടപ്പ്. ഫലഭൂയിഷ്ഠത കുറവാണ്. ഈ പ്രദേശത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്തുവരുന്നത് നാളികേരമാണ്. പാടങ്ങളില്‍ നെല്ലും കൃഷിചെയ്യുന്നു. നാളികേരം കഴിഞ്ഞാല്‍ അടുത്ത സ്ഥാനം മരച്ചീനിക്കാണ്. ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ് ചെമ്മരുതി ആറാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയില്‍ 80 ശതമാനവും ചരിഞ്ഞ ഭൂമികളാണ്. 20% സമതലങ്ങളും. ചരിഞ്ഞ ഭൂമിയില്‍ പൊതുവേ ചരല്‍ കലര്‍ന്ന ചെങ്കല്‍ മണ്ണും, സമതലങ്ങളില്‍ മണല്‍ കലര്‍ന്ന പശിമരാശി മണ്ണുമാണുളളത്. മണ്ണിന് പൊതുവേ അമ്ളസ്വഭാവമാണ് ഉളളത്. വളരെ ഫലഭൂയിഷ്ഠമായ മണ്ണല്ല ഇവിടെയുളളത്. എങ്കിലും കൃത്യമായ വളപ്രയോഗം നടത്തിയാല്‍ ഏത് വിളകളും ആദായകരമായി കൃഷി ചെയ്യുവാന്‍ സാധിക്കും.
ആരോഗ്യരംഗം
പാരമ്പര്യ ചികിത്സയില്‍ ഈ പ്രദേശം പണ്ടേ പ്രസിദ്ധമാണ്. ആയൂര്‍വേദ ചികിത്സയ്ക്ക് പേരുകേട്ട ചാവര്‍കോട് വൈദ്യന്മാരും വിഷചികിത്സയ്ക്ക് പുകള്‍പെറ്റ ചിറക്കോണത്ത് വൈദ്യന്മാരും ചെമ്മരുതിയുടെ അഭിമാനമാണ്. പനയറ വില്ലേജാഫീസിനടുത്ത് പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ അധീനതയിലുളള അലോപ്പതി ആശുപത്രി ചെമ്മരുതി പഞ്ചായത്തിന്റെ പ്രധാന ചികിത്സാകേന്ദ്രമാണ്. 1970-ല്‍ പഞ്ചായത്തിന്റെ ശ്രമഫലമായി സ്ഥാപിതമായ ആശുപത്രി അന്ന് സ്ഥിതി ചെയ്തിരുന്നത് ഇപ്പോഴത്തെ പഞ്ചായത്തോഫീസ് കെട്ടിടത്തിലായിരുന്നു. മുട്ടപാലം മനോവിലാസത്തില്‍ മനോഹരന്‍ വാടക കൂടാതെ വിട്ടുതന്ന കെട്ടിടത്തില്‍ പഞ്ചായത്തിന് അനുവദിച്ചുകിട്ടിയ ആയൂര്‍വേദാശുപത്രി 1990-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 1991-ല്‍ ചെമ്മരുതി പഞ്ചായത്തിന് അനുവദിച്ച ഹോമിയോ ആശുപത്രി ആദ്യകാലങ്ങളില്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് പാളയം കുന്ന് രാസുവിലാസത്തില്‍ പരമേശ്വരന്‍ അവര്‍കള്‍ സൌജന്യമായി പഞ്ചായത്തിന് നല്‍കിയ 25 സെന്റ് സ്ഥലത്ത് പഞ്ചായത്ത് മുഖേന ജെ.ആര്‍.വൈ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മണമ്പൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ചെമ്മരുതി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചികിത്സാസ്ഥാപനമാണ്.
വിദ്യാഭ്യാസരംഗം
വിദ്യാഭ്യാസരംഗത്ത് ആദ്യകാലങ്ങളില്‍ ഇവിടെ കുടിപ്പളളിക്കൂടങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന നിലത്തെഴുത്ത് ആശാന്‍മാരിലും കുടിപ്പളളിക്കൂടങ്ങളിലും നിന്നാണെന്നു പറയാം. പിന്നീടാണ് സ്ക്കൂളുകള്‍ രൂപപ്പെട്ടത്. “കൈരളിക്ക് ഒരു കഥ”യെഴുതിയ പ്രശസ്ത പണ്ഡിതനും നാടകകൃത്തും സര്‍വ്വോപരി അധ്യാപകരുടെ അധ്യാപകനുമായ പ്രൊഫസര്‍ എന്‍.കൃഷ്ണപിളള അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച സ്ക്കൂളാണ് ഇപ്പോഴത്തെ മുത്താന ഗവ: എല്‍.പി.എസ്. തുടര്‍ന്ന് ശ്രീനിവാസപുരം (പാലമൂട്ടില്‍), പനയ, ചെമ്മരുതി (സ്വകാര്യ), കോവൂര്‍, മുത്താന എന്നിവിടങ്ങളില്‍ ഓരോ ലോവര്‍ പ്രൈമറി സ്ക്കൂളും, പനയറ (ചാവടിമുക്ക്) യില്‍ സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലുളള ഒരു ഹൈസ്ക്കൂളും സ്ഥാപിതമായി. ഈ പ്രദേശത്തെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ച ഗുരുവര്യന്മാര്‍ മറ്റു പ്രദേശങ്ങളിലും അറിയപ്പെട്ടിരുന്നവരായിരുന്നു. ഹരിജനങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് ഇവര്‍ ജാതിക്കോമരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഹരിജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂളുകളില്‍ പ്രവേശനം ലഭ്യമാക്കുകയുണ്ടായി. ശ്രീനാരായണഗുരുവിന്റെ അവസാനകാലത്തെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന വര്‍ക്കലയുമായുളള സാമീപ്യം, വിദ്യാഭ്യാസപരവും സാമൂഹ്യവുമായ ഉണര്‍വ്വ് ചെമ്മരുതി പ്രദേശത്ത് ഉണ്ടാക്കിയിട്ടുണ്ട്. ഗുരുദേവന്‍ നേരിട്ട് സ്ഥാപിച്ച ശിവഗിരി ഹൈസ്ക്കൂള്‍ ഈ പഞ്ചായത്തിന്റെ അതിര്‍ത്തിയോടു തൊട്ടാണ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുളള വിദ്യാര്‍ത്ഥികള്‍ ഈ സ്ക്കൂളിനെ മാത്രമാണ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത്. പ്രൊഫസര്‍ എന്‍.കൃഷ്ണപിളള, മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കര്‍, കുറ്റിപ്പുഴ പരമേശ്വരന്‍, കെ.എന്‍.പണിക്കര്‍ തുടങ്ങി അതിപ്രശസ്തരായ പല അധ്യാപകപ്രമുഖരുടേയും ശിഷ്യരാകാന്‍ അന്നു ഈ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു ഭാഗ്യം ലഭിക്കുകയുണ്ടായിട്ടുണ്ട്. ചെമ്മരുതി പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസപുരോഗതിക്കു ഉണര്‍വ്വ് നല്‍കാന്‍ സഹായിച്ചിട്ടുളള പല മഹത് വ്യക്തികളുടേയും പേരുകള്‍ എടുത്തു പറയേണ്ടതായിട്ടുണ്ട്. ഇതില്‍ ആദ്യം സ്മരിക്കേണ്ട പേരാണ് ശ്രീനിവാസപുരത്തു താമസിച്ചിരുന്ന കോഴഞ്ചേരി സ്വദേശിയായ ജോണ്‍സാര്‍. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പു തന്നെ ഈ പഞ്ചായത്തില്‍ മാതൃകാകൃഷിഫാമും കന്നുകാലി വളര്‍ത്തലും തേനീച്ചവളര്‍ത്തലില്‍ പരിശീലനം നല്‍കലും അതിനുപരി കൈത്തറി നെയ്ത്തുശാലയും ഇദ്ദേഹം നടത്തിയിരുന്നു. ഈ പ്രദേശത്ത് ക്രിസ്ത്യന്‍ മിഷനറിമാരുടെ വരവിനും വിദ്യാഭ്യാസപരവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കും കാരണഭൂതനായതും ഇദ്ദേഹം തന്നെ. ശ്രീനിവാസപുരത്തിനടുത്തുളള കണ്വാശ്രമത്തില്‍ താമസിച്ചിരുന്ന ഹോളണ്ട് സ്വദേശിയായ ജി.എച്ച് മീസ്, ജോണ്‍ റീഡ് തുടങ്ങിയവരുടെ കാര്‍ഷികവും വിദ്യാഭ്യാസപരവും സാമൂഹികമായ പരിഷ്കരണശ്രമങ്ങളും ഈ പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസപുരോഗതിയെ സ്വധീനിച്ചിട്ടുണ്ട്. ഈ പഞ്ചായത്തിലെ ആദ്യകാല സര്‍ക്കാര്‍ പ്രൈമറിസ്കൂളായ ശ്രീനിവാസപുരം ഗവണ്‍മെന്റ് ലോവര്‍ പ്രൈമറിസ്കൂള്‍ ശ്രീനിവാസറാവു എന്ന മഹാന്‍ സംഭാവനചെയ്ത സ്ഥലത്താണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം കൊണ്ടാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ശ്രീനിവാസപുരം എന്ന പേരുതന്നെ വരാന്‍ കാരണം.
പാര്‍പ്പിടം
ആധുനികകാലത്ത് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഒരു മരീചികയായി മാറിയിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരളവുവരെ പരിഹാരം കാണാനാണ് 1971-ല്‍ ഗവണ്‍മെന്റ് “ലക്ഷംവീട് പദ്ധതി” നടപ്പിലാക്കിയത്. സംസ്ഥാനത്ത് രണ്ടാമതായും തിരുവനന്തപുരം ജില്ലയില്‍ ഒന്നാമതായും ഈ പദ്ധതിപ്രകാരമുളള വീടുകള്‍ വച്ചു പൂര്‍ത്തിയാക്കിയത് ഈ പഞ്ചായത്താണ്. ഭവനനിര്‍മ്മാണരംഗത്ത് മറ്റ് പഞ്ചായത്തുകള്‍ക്ക് ഒരു മാതൃകയായിക്കൊണ്ട് ഈ പഞ്ചായത്ത് ഒരു കുതിച്ചുചാട്ടം തന്നെ നടത്തി. ഈ പദ്ധതിപ്രകാരം തോക്കാട്, കോവൂര്‍, മുത്താന, ചാവര്‍കോട്, അമ്പലത്തുവിള എന്നീ ഭാഗങ്ങളിലായി നൂറു വീടുകള്‍ നിര്‍മ്മിച്ചു. ഭവനനിര്‍മ്മാണമടക്കമുളള പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അന്നത്തെ സര്‍ക്കാര്‍ അലിഹസ്സന്‍ പ്രസിഡന്റായ ചെമ്മരുതി പഞ്ചായത്തിനെ “ജയന്തി പഞ്ചായത്തായി പ്രഖ്യാപിച്ചു.
ഗതാഗതം
പഞ്ചായത്തുരൂപീകരണത്തിന് മുന്‍പ് ഈ പ്രദേശത്ത് ഒട്ടും റോഡുഗതാഗതസൌകര്യം ഇല്ലായിരുന്നു എന്നു തന്നെ പറയാം. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയിലുളള കല്ലമ്പലം - വര്‍ക്കല റോഡിലും വടക്കേ അതിര്‍ത്തിയിലുളള പാരിപ്പളളി റോഡിലും കിലോമീറ്ററുകളോളം നടന്നുചെന്നു വേണം ബസില്‍ യാത്ര ചെയ്യാന്‍. 1953 ആഗസ്റ്റ് 15-ന് ആദ്യത്തെ പഞ്ചായത്ത് സമിതി നിലവില്‍ വരുമ്പോള്‍ പഞ്ചായത്തിനുളളില്‍ പതിനഞ്ചു കിലോമീറ്ററില്‍ താഴെ ഇടവഴികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഈ ഇടവഴികള്‍ ശ്രമദാനമായും പഞ്ചായത്തു ഫണ്ടുപയോഗിച്ചും വികസിപ്പിച്ച് വാഹനഗതാഗത യോഗ്യമാക്കുകയും പുതുതായി 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഗതാഗതയോഗ്യമായ റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. 1963-ല്‍ അധികാരത്തില്‍ വന്ന രണ്ടാമത് സമിതിയുടെ ഭരണകാലത്തെ പഞ്ചായത്തിന്റെ സുവര്‍ണ്ണകാലമെന്ന് വിശേഷിപ്പിക്കാം. 35 കിലോമീറ്റര്‍ റോഡുകളുടെ സ്ഥാനത്ത് നിരവധി പുതിയ റോഡുകള്‍ നിര്‍മ്മിച്ച് പഞ്ചായത്തുറോഡുകളുടെ ദൈര്‍ഘ്യം 35-ല്‍ നിന്നും 90 കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചു.
വ്യവസായരംഗം
സഹകരണം
മുത്താന കേന്ദ്രമായി ഒരു സംഘം കര്‍ഷകര്‍ ചേര്‍ന്ന് 1925-ല്‍ 1314-ാം നമ്പരായി പരസ്പരസഹകരണസംഘം എന്ന പേരില്‍ ഒരു ക്രെഡിറ്റു സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ക്രെഡിറ്റ് സംഘങ്ങള്‍ക്ക് ലോണ്‍ കൊടുക്കുന്നതിനുളള അധികാരവുംആയ തിനാവശ്യമായ ഫണ്ടും ഇല്ലായിരുന്നു. തുടര്‍ന്ന് മാവിന്‍മൂട് കേന്ദ്രമാക്കി 1950-ല്‍ 3074-ാം നമ്പരായി മാവിന്‍മൂട് ക്ളിപ്തരഹിത സഹകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 13-11-1968- ല്‍ പ്രസ്തുത സഹകരണ സംഘങ്ങളെ രണ്ടിനേയും ലയിപ്പിച്ചുകൊണ്ട് ചെമ്മരുതി സര്‍വ്വീസ് സഹകരണ സംഘം ക്ളിപ്തം നമ്പര്‍ റ്റി. 328 എന്ന പേരില്‍ മാവിന്‍മൂടു കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷീരോല്പാദക സഹകരണരംഗത്ത് 1972-ല്‍ തച്ചോട് കേന്ദ്രമായി ചെമ്മരുതി ക്ഷീരോല്പാദക സഹകരണസംഘം പ്രവര്‍ത്തിച്ചുതുടങ്ങി.