2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 മുന്‍പ് തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്..
"ഓപ്പറേഷന്‍ തൂഫാന്‍ 2.0"

September 29, 2026

ലഹരിക്കെതിരെ ജാഗ്രതയോടെ കേരളം:

ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന് തുടക്കം. മലപ്പുറം വേങ്ങരയിൽ ബഹു. ആഭ്യന്തര മന്ത്രി ശ്രീ. രമേശ്‌ ചെന്നിത്തല തൂഫാൻ  തദ്ദേശം'  ഉദ്‌ഘാടനം  ചെയ്തു.  ലഹരിക്കെതിരെയുള്ള പോരാട്ടം  ഓരോ  വാർഡിലേക്കും  വ്യാപിപ്പിക്കലാണ്  രണ്ടാംഘട്ടത്തിൽ  ലക്ഷ്യമിടുന്നത്.  എല്ലാ  വാർഡുകളിലും  പ്രത്യേക  തൂഫാൻ  സമിതികൾ   രൂപീകരിക്കുമെന്ന് അദ്ദേഹം   വ്യക്തമാക്കി.  സംസ്ഥാനത്ത്  ലഹരിയുടെ  ഉപയോഗം 30 ശതമാനം  വരെ  കുറക്കാൻ  ഓപ്പറേഷൻ  തൂഫാനിലൂടെ  കഴിഞ്ഞിരുന്നു.  രണ്ടാം  ഘട്ടത്തിൽ  വാർഡുകളിൽ  ശ്രദ്ധ  കേന്ദ്രീകരിക്കുന്നതിന്  പുറമെ  ക്യാമ്പസുകളിലേക്കും  തൂഫാൻ  പ്രവർത്തനങ്ങൾ  വ്യാപിപ്പിക്കുമെന്നും,  തൂഫാൻ  കെയറിലൂടെ  ലഹരിക്കെണിയിൽ  വീണവരെ  മോചിപ്പിക്കുകയാണ്  ലക്ഷ്യമെന്നും  ഇതിന്‍റെ ഭാഗമായി  മികച്ച  ചികിത്സയും  പുനരധിവാസവും  ഉറപ്പ് വരുത്തുന്നതായിരിക്കും  തൂഫാൻ  കെയർ  എന്നും  അദ്ദേഹം  വ്യക്തമാക്കി.

 

ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു: 

കില (KILA) മുഖേനയുള്ള ലൈവ് സ്ട്രീം ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ സജ്ജീകരിച്ചു. ടി ചടങ്ങ് വീക്ഷിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍, അയിരൂര്‍ പോലീസ് എസ്.ഐ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍, സ്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ-ഹരിതകർമ്മ സേനാ അംഗങ്ങൾ,  പൊതുജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ശേഷം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. രാരീഷ് ജി തൂഫാൻ ഫ്ലാഗ് ഉയർത്തുകയും വേദിയില്‍ സന്നിഹിതരായിരുന്ന എല്ലാപേര്‍ക്കും പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും, അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ തൂഫാനുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

 

തൂഫാൻ വാരിയേഴ്‌സ് (Toofan Warriors):

ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും ജീവനക്കാർ, കുടുംബശ്രീ-ഹരിതകർമ്മ സേനാ അംഗങ്ങൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, അധ്യാപകർ എന്നിവരിൽ നിന്ന് 10 സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുത്ത് 'തൂഫാൻ വാരിയേഴ്‌സ്' ആയി പ്രഖ്യാപിക്കുകയും ബാഡ്ജുകൾ വിതരണം ചെയ്യുകയും ചെയ്തു. തൂഫാൻ ഗ്രാമസഭകൾ & ജനജാഗ്രതാ സമിതികൾ: വാർഡ് തലത്തിൽ പ്രത്യേക 'തൂഫാൻ ഗ്രാമസഭകൾ' എന്നിവ വിളിച്ചുചേർക്കും, നിലവിലുള്ള വാർഡ് തല ജനജാഗ്രതാ സമിതികളിൽ പോലീസിനെയും തൂഫാൻ വാരിയേഴ്‌സിനെയും ഉൾപ്പെടുത്തി ലഹരി വ്യാപന സാധ്യതയുള്ള ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തി നിരന്തര നിരീക്ഷണം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.

 

കൂടുതല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക

"Operation Toofan 2.0"